Sunday 19 June 2016

വായനാമരത്തിലെ പുസ്തകങ്ങള്‍....

വേദിയില്‍ സജ്ജമാക്കിയ വായനാമരത്തിലെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തിക്കൊണ്ട്, വായിച്ചു വളര്‍ന്ന കുട്ടിയുടെ കഥയുമായി വിനോദ് മാഷ് മുന്നിലെത്തിയപ്പോള്‍ കുഞ്ഞുങ്ങള്‍ കാതു കൂര്‍പ്പിച്ചു.കഥ കേള്‍ക്കാനായി....ഒന്നിനു പിറകെ ഒന്നായി നിരവധി കഥകള്‍ പറഞ്ഞുകൊണ്ട് മാഷ് നടത്തിയ പുസ്തകപരിചയം അക്ഷരാര്‍ഥത്തില്‍ കൊച്ചുകുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നവതന്നെയായിരുന്നു.ഒപ്പം, വായിച്ചതോ കേട്ടതോ ആയ കഥ പറയാന്‍ കുഞ്ഞുങ്ങള്‍ക്ക് അവസരം നല്‍കിയപ്പോള്‍ ഓടിയെത്തിയത് ഒന്നാം ക്ലാസ്സിലെ കൊച്ചുമുടുക്കന്‍ അഭിനന്ദ്! കഴിഞ്ഞദിവസം ക്ലാസ്സില്‍ വെച്ച് ടീച്ചര്‍ പറഞ്ഞുകൊടുത്ത കഥ തെല്ലും ചോര്‍ച്ചയില്ലാതെ തന്റേതായ ശൈലിയില്‍ അഭിനന്ദ് പറഞ്ഞപ്പോള്‍ മുതിര്‍ന്നക്ലാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.കയ്യൂര്‍ ഗവ:എല്‍.പി .സ്കൂളില്‍ വായനാദിനത്തില്‍ നടത്തിയ പരിപാടിയില്‍ ഞായറാഴ്ചയായിട്ടും മുഴുവന്‍ കുട്ടികളും പങ്കെടുത്തു.യുറീക്കാദ്വൈവാരികയിലൂടെ കുട്ടികള്‍ക്ക് പരിചിതനായ ബാലസാഹിത്യകാരനും കാഞ്ഞിരപ്പൊയില്‍ ഗവ:യു.പി.സ്കൂളിലെ അധ്യാപകനുമായ പി.വി.വിനോദ്കുമാറാണ് വായനാവാരത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.രണ്ടാം ക്ലാസ്സിലെ അക്ഷത്കുമാറില്‍നിന്നും,സ്കൂള്‍ ലൈബ്രറിയിലേക്ക് പിറന്നാള്‍പുസ്തകം സ്വീകരിച്ചുകൊണ്ടായിരുന്നു ഉല്‍ഘാടനം.തുടര്‍ന്ന് കഥ പറയലും,പറയിക്കലും, ബാലസാഹിത്യരചനകള്‍ വായിപ്പിക്കലും,വായിച്ചു മനസ്സിലാക്കിയ കാര്യങ്ങള്‍ അവതരിപ്പിക്കലും എല്ലാമെല്ലാമായി വായനാവാരത്തിനു മികച്ച തുടക്കം.തൊട്ടുപിന്നാലെ ഈയ്യക്കാട് സുകുമാരന്‍ മാസ്റ്റര്‍ കവിതകളും പാട്ടുകളുമായി എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരമായി മാറി ഞായറാഴ്ചയിലെ ഈ സാഹിത്യ സദ്യ.വളരുന്ന പുസ്തകമരം,മാധ്യമ വിചാരം,ഇന്നത്തെ പുസ്തകം,വായിക്കാന്‍ ഒരു മുറി,വരകള്‍..വര്‍ണ്ണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ വരുന്ന ഒരാഴ്ചക്കാലം വിദ്യാലയത്തില്‍ നടക്കും.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ നാരായണന്‍ ബങ്കളം,ബാലക്യ് ഷ്ണന്‍,ബേബി ടീച്ചര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പ്രഥമാധ്യാപകന്‍ കെ.നാരായണന്‍ സ്വാഗതവും,കെ.വി.ഭാസ്കരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


No comments:

Post a Comment